Monday 27 August 2012

പൂന്തോട്ടം


   'ടിംഗ് ടോന്ഗ് '        .. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കാതില്‍ എത്തിയപോള്‍  ആ ഒന്‍പതു വയസ്സുകാരന് തന്‍റെ കാലുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .  മുറ്റത്ത്‌ ഇരുനിറമുള്ള, മാന്യന്‍ ആണെന്ന്  വിളിച്ചോതുന്ന തരത്തില്‍ വസ്ത്രം ധരിച്ച ഒരാള്‍ . കയ്യില്‍ ഉള്ള ഡയറിയില്‍ എന്തോ തിരയുന്ന കണ്ണുകള്‍ . എന്‍റെ സാന്നിധ്യം അയാള്‍ അറിഞ്ഞിട്ടില്ല എന്ന് മനസിലാക്കി  എന്തോ ശബ്ദം ഉണ്ടാക്കി അയാളുടെ ശ്രദ്ധ  എന്നിലേക്ക്‌ ക്ഷണിച്ചു .   അയാള്‍  ചിരിച്ചു  കൊണ്ട് ചോദിച്ചു
              "മുരളീധരന്‍ പിള്ള സാറിന്‍റെ വീടല്ലേ? , സാര്‍ ഇല്ലേ ?".     
                                                       ഉറക്കത്തില്‍ കിടക്കുന്ന അച്ഛനെ വിളിച്ചുണര്‍ത്തിയതിന് പലപ്പോഴും  'ചെവി പൊന്നയത്' കൊണ്ട് എന്ത്  പറയണമെന്ന്  അറിയാതെ കുഴങ്ങി  അകത്തേക്കോടി,   "അമ്മേ, ആരോ വന്നിരിക്കുന്നു ".  
                                                                                പാത്രംകഴുകലിനു ഭംഗം നേരിട്ടതിന്‍റെ  നീരസം ഉണ്ടെങ്കിലും അത് പുറത്തു  കാട്ടാതെ  അമ്മ ഉമ്മറത്തേക്ക് വന്നു . വാതില്‍ക്കല്‍ സുപരിചിതമായ മുഖം അല്ലാത്തത് കൊണ്ട് തന്നെ കയറി ഇരിക്കാന്‍ പറഞ്ഞിട്ട് അമ്മ  അകത്തേക്ക് പോയി . എന്‍റെ നോട്ടം മുഴുവന്‍    അയളിലായിരുന്നു .  ഡയറിയില്‍ തന്നെ പരത്തികൊണ്ട് ഇരുന്ന കണ്ണുകളുടെ നോട്ടം പെട്ടെന്ന് എന്നിലേക്ക്‌ വന്നപ്പോള്‍  നാണംതോന്നി  വാതിലിനു  പിന്നിലൊളിച്ചു  .            
              "മോന്‍ എത്രാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് ".       
              "നാലാം  ക്ലാസ്സില്‍ "            
              " ഏതു സ്കൂളില്‍ "        . 
               " സെന്‍റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,അടൂര്‍ "    
                           അപ്പോളേക്കും അച്ഛന്‍ എത്തി .  " മുരളീധരന്‍ പിള്ള സാര്‍...... ?" .  
                                         " അതെ, എന്താ കാര്യം ?"
   "സാര്‍, പഴകുളം നഴ്സറിയില്‍ നിന്ന് കുറച്ചു മാവിന്‍ തൈകള്‍  വാങ്ങിച്ചിരുന്നില്ലേ  ?" .   
   " വാങ്ങിച്ചിരുന്നു ,പക്ഷെ നാലു മാസം മുന്‍പാണ്‌ "  ഒന്ന് ആലോചിച്ചിട്ട് അച്ഛന്‍ പറഞ്ഞു.
      " ഞങ്ങളുടെ  നഴ്സറി തുടങ്ങിയിട്ട് പത്തു കൊല്ലം ആകുന്നു , അത് കൊണ്ട്  ഈ വര്‍ഷം വന്നവരെ എല്ലാം ചേര്‍ത്ത് ഞങ്ങള്‍ ഒരു  നറുക്കെടുപ്പ് നടത്തി , അതില്‍ മുരളി  സാറിനാണ് ഒന്നാം സമ്മാനം.....  ".  എന്‍റെ ഹൃദയം തുള്ളിച്ചാടി  , എന്താണാവോ ഒന്നാം സമ്മാനം ?  അയാള്‍ തുടര്‍ന്നു " മൂന്ന് സമ്മാനത്തില്‍ നിന്നും ഒരണ്ണം സെലക്ട്‌ ചെയ്യാം ഫ്രിഡ്ജ്‌ , ടി വി , അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കി തരും ".   
      ദൈവമേ  കണ്‍ഫ്യൂഷന്‍ ആയല്ലോ . 
                                                            അച്ഛന്‍ അമ്മയെ നോക്കി " എന്ത് വേണമെടോ ? , ഫ്രിഡ്ജ്‌ഉം ,ടി വി ഉം ഇവിടെ ഇല്ലേ , ഗാര്‍ഡന്‍ പോരെ ?" .
                                                     മതി എന്ന അര്‍ത്ഥത്തില്‍ അമ്മ തല കുലുക്കി .  
                             "ഞാന്‍ പറയാന്‍ തുടങ്ങുവാരുന്നു ,  ഇത്രയും   മുറ്റമുള്ള  സ്ഥിതിക്ക് ഗാര്‍ഡന്‍ ആണ് നല്ലത്" . അയാള്‍ മുറ്റത്തേക്കിറങ്ങി ഗാര്‍ഡ്ന്‍റെ 'രൂപരേഖ ' തയ്യാറാക്കി കൊണ്ടിരുന്നു .   എന്‍റെ കുഞ്ഞു മനസ്സില്‍ അയാളുടെ സ്ഥാനം ഇപ്പോള്‍ എത്ര വലുതാണെന്ന് അയാള്‍ക്ക് അറിയില്ലാലോ .   ഞാനും അയാളുടെ കൂടെ ചാടി ഇറങ്ങി , സമ്മാനവുമായി വന്ന  സാന്താക്ലോസ് അങ്കിള്‍ ആണ്  അയാള്‍ എനിക്ക് .  
                       " ഇവിടെ  ഈ  മരം  ഉള്ളത് നന്നായി  .., ഇവിടെ നമ്മള്‍ക്ക്  ചട്ടി വെക്കാം ..." സാന്താക്ലോസ് അങ്കിള്‍ന്‍റെ നൂറു നൂറു പ്ലാന്നിംഗ്.   
            " ചായ കുടിക്കാം " അമ്മയുടെ വിളി ... 
           " പേര് ചോദിച്ചില്ല , എന്താണ് പേര് " ചായ കുടിക്കുനതിനിടയില്‍  അച്ഛന്‍റെ ചോദ്യം . 
            ഒരു പേരില്‍ എന്തിരിക്കുന്നു ,എനിക്ക് അത് എന്‍റെ സാന്താക്ലോസ് അങ്കിള്‍ ആണ് . 
           " മുരളി " അയാളുടെ മറുപടി .    " നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നാണല്ലോ , എന്നെ ഉണ്ണി എന്നാണ് നാട്ടില്‍ അറിയുന്നത് ".   
                                                              " നാളെ തന്നെ നമ്മള്‍ക്ക് ഗാര്‍ഡ്ന്‍റെ പണി തുടങ്ങാം , പിന്നെ ഉണ്ണി ചേട്ടാ  നഴ്സറിയില്‍  പുതിയ ഒരു പൌള്‍ട്രി ബിസിനസ്‌ തുടങ്ങുനുണ്ട്  , കോഴികളെ കൂട് അടക്കം കൊടുക്കുന്നു ,  കോഴികള്‍ മുട്ടയിട്ടു തുടങ്ങിയാല്‍  മുട്ട  ഞങ്ങള്‍ എടുത്തോളാം ,വെളിയില്‍ കൊടുകണ്ട .   പൂവന്‍ കോഴി  ആണെങ്കിലും  എടുത്തോളാം  ,  മുട്ടയും ഇറച്ചിയും വെളിയില്‍ കൊടുത്താലും കോഴി കാഷ്ടം എന്തായാലും ഞങ്ങള്‍ക്ക് തരണം ".   
       'മുട്ട ഓംലെറ്റ്‌ അടിക്കാം, കോഴി കാഷ്ടം കൊണ്ട് എന്ത് ഉണ്ടാക്കും  !'
                                " കാഷ്ടം  ഫാമിലെ  ചെടികള്‍ക്ക്  വളമായി ഉപയോഗിക്കും , നിങ്ങള്‍ക്ക് ഇതിന്‍റെ ബുദ്ധിമുട്ടും   ഒഴിവാകും  . "
          വല്ലാത്തൊരു  മാസ്മരിക  ശക്തിയാണയാളുടെ വാക്കുകള്‍ക്ക്  , കുറച്ചു നേരം കൊണ്ട് തന്നെ അയാള്‍ ഞങ്ങളുടെ  ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞിരിക്കുന്നു . സംസാരത്തിനിടക്ക്‌ എന്നെ നോക്കുന്ന ഓരോ നോട്ടത്തിനും 100  ചിരികള്‍ ഞാന്‍ സമ്മാനിക്കുന്നുമുണ്ട് .
      " കോഴികള്‍ക്കും കൂടിനും കൂടി എത്ര രൂപ ആകും ". അമ്മയാണ് ചോദിച്ചത് .
      "എല്ലാം കൂടി 2000രൂപ ആകും , പക്ഷെ  ഇപ്പോള്‍ 500രൂപ തന്നാല്‍ മതി ബാക്കി  3 മാസം കൊണ്ട് അടക്കാം " .
       സമ്മാനമായി 'പൂന്തോട്ടവും കോഴിമുട്ടയും'   കൊണ്ട്  വന്ന ലോകത്തിലെ ആദ്യത്തെ സാന്താക്ലോസ് .
500രൂപ നല്‍കിയപ്പോള്‍ എന്‍റെ സാന്താക്ലോസ് ബഹുമാനപൂര്‍വ്വം അത് നിരസിച്ചു " ഇപ്പോള്‍ വേണ്ട ,പണം കോഴികളെ  കൊണ്ട് വരുമ്പോള്‍ മാത്രം മതി " .
                            " എന്നാലും ഇരിക്കട്ടെ വേഗം കൊണ്ട് വന്നാല്‍ മതി "   പണം അയാളെ നിര്‍ബന്ധിച്ച് ഏല്പിച്ചു .
           ഡയറിയില്‍ എന്തൊക്കെയോ കുറിച്ചുകൊണ്ടു  അയാള്‍ തുടര്‍ന്നു "   സാധനം കൊണ്ടുവരുമ്പോള്‍ ബില്ല് തരാം . എടുക്കാന്‍ മറന്നു ".   പിന്നെ പുള്ളികാരന്‍റെ  ഒരു ബില്ല് .   ഇത്രയും  സാധങ്ങള്‍ ഇങ്ങോട്ട് തരുമ്പോള്‍ ബില്ല് അങ്ങേരു തന്നെ വെച്ചോട്ടെ .
                                      നടന്നകലുന്ന ആളെ നോക്കി എത്ര നേരം നിന്നെന്ന് ഓര്‍മയില്ല  , കുറച്ചു നേരം കൊണ്ട് എന്‍റെ അത്ര മാത്രം ഇഷ്ടം അയാള്‍ പിടിച്ചു പറ്റിയിരുന്നു . അയാളെ ആണോ അയാള്‍ തരാന്‍ പോകുന്ന പൂന്തോട്ടത്തെ ആണോ ഞാന്‍ ഇഷ്ടപെട്ടത്? ,അറിയില്ല . കിട്ടിയ സമ്മാനത്തേക്കാള്‍ അയാളുടെ പെരുമാറ്റത്തെകുറിച്ചായിരുന്നു അച്ഛനും അമ്മയ്ക്കും പറയാന്‍ ഉണ്ടായിരുന്നത് . ഒരു ദിവസം കൊണ്ട് തന്നെ  സമ്മാനത്തിന്‍റെ കഥ സ്ഥലത്തെ 'മൈല്‍കുറ്റികള്‍ക്ക്' പോലും പരിചിതമായി.
                                         ക്ലാസ്സ്‌ മുറിയില്‍  ഇരിക്കുമ്പോള്‍ പോലും മനസ്സില്‍  പലനിറങ്ങളിലുള്ള   പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂന്തോട്ടവും , ചിത്രശലഭങ്ങളും ,അതിനു നടുവിലുള്ള കുളത്തില്‍ നീന്തി തുടിക്കുന്ന വര്‍ണമത്സ്യങ്ങളും ആയിരുന്നു .  ആരോടും പറഞ്ഞില്ലെങ്കിലും സുഹൃത്തായ അഖിലിനോട്  പറഞ്ഞു " ഡാ അടുത്താഴ്ച വീട്ടില്‍ വരണം ഞങ്ങള്‍ പുതിയ ഗാര്‍ഡന്‍  ഉണ്ടാക്കുനുണ്ട്  ".
                         ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടേ ഇരുന്നു . ഓരോ ദിവസവും 'ഇന്ന് എന്‍റെ സാന്താക്ലോസ് അങ്കിള്‍ വരും' എന്ന് തീവ്രമായി  പ്രതീക്ഷിച്ചു   . പക്ഷെ ആഴ്ചകള്‍ മാസത്തിനു വഴിമാറിയപ്പോള്‍ വേദനയോടെ ഞാന്‍  മനസിലാക്കി   'ഇല്ല ഇനി വരില്ല' ഞങ്ങള്‍  പറ്റിക്കപ്പെട്ടിരിക്കുന്നു . നഴ്സറിയില്‍  അന്വേഷിച്ചു ചെന്ന അച്ഛന് കിട്ടിയ മറുപടി , 'ഇങ്ങനെ ഒരു  നറുകെടുപ്പിനെ കുറിച്ചോ , ഇങ്ങനെ ഒരാളിനെ കുറിച്ചോ അവിടെ ആര്‍ക്കും അറിയില്ല ' എന്നായിരുന്നു .    തുടര്‍ന്ന്  അന്വേഷിച്ചപോള്‍ മനസിലായി അടുത്തുള്ള പല സ്ഥലങ്ങളിലും ആളുകള്‍ സമാനമായ രീതിയില്‍  പറ്റിക്കപ്പെട്ടിരിക്കുന്നുവെന്ന്   .
                               ഇന്നെനിക്കു പറ്റിക്കാന്‍ വരുന്നവരോട് തോന്നുന്ന  അതേ വികാരം തന്നെ ആണ്   പറ്റിക്കപ്പെടുന്നവരോടും തോന്നാറ് . പറ്റിക്കല്‍ പ്രസ്ഥാനകാര്‍ മണിചെയിന്‍ , നോട്ട്‌ഇരട്ടിപ്പിക്കല്‍ ,  സ്വര്‍ണ്ണച്ചേന, നാഗമാണിക്ക്യം , ഓണ്‍ലൈന്‍ ലോട്ടറി , എന്നി ആധുനിക കലരൂപങ്ങളിലേക്ക്  മാറിയിരിക്കുന്നു  . നൂറു ശതമാനം സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന നമ്മള്‍ വീണ്ടും വീണ്ടും ചതി കുഴികളില്‍  പെട്ടുകൊണ്ടേ ഇരിക്കുന്നു . എനിക്കിപ്പോള്‍ പറ്റിക്കപ്പെടുന്നവരോട് യാതൊരു സഹതാപവും തോന്നാറില്ല . ' ഒരുവന്‍ സ്വയം  പറ്റിക്കപ്പെടാന്‍ നിന്ന് കൊടുക്കാതെ ആര്‍ക്കും അയാളെ പറ്റിക്കാന്‍ കഴിയില്ല '. സ്വയം വിഡ്ഢി  ആവാന്‍  നിന്ന് കൊടുത്തിട്ട് 'അയ്യോ പറ്റിച്ചേ' എന്ന്  നിലവിളിച്ചിട്ടെന്തു  പ്രയോജനം . അത് പോലെ  തന്നെയാണ് പറ്റിക്കാന്‍  ഇറങ്ങിപ്പുറപ്പെട്ട  കുടിലജന്മങ്ങളുടെയും കഥ , വാക്ദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച ഈ കൂട്ടര്‍ പക്ഷെ തിരഞ്ഞെടുക്കുന്നതോ തലതിരിഞ്ഞ  മാര്‍ഗങ്ങളും  . എന്താ പറയുക ' കുടിക്കാന്‍ സമുദ്രം മുന്നില്‍ ഉണ്ടെങ്കിലും  നായിക്കള്‍ നക്കിയേ കുടിക്കു '.  പക്ഷെ ഇവര്‍ മനസ്സുകളില്‍  ഉണ്ടാക്കുന്ന  മുറിവുകള്‍  വളരെ വലുതായിരിക്കും .
                                                  പതിനാറു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും  പലപ്പോഴും പല ആള്‍ക്കുട്ടത്തിലും  ഞാന്‍ തിരയാറുണ്ട് ,ആ മുഖം   .  പറ്റിക്കപ്പെട്ടത്തില്‍  ഉള്ള അമര്‍ഷം തീര്‍ക്കാന്‍ അല്ല മറിച്ച് ഉപയോഗിച്ച് പഴകിയ രണ്ടു വരി  എനിക്ക് പറ്റുന്ന രീതിയില്‍ 'എന്‍റെ സാന്‍റെയെ' പറഞ്ഞു മനസിലാക്കാന്‍
                                       " ആന കൊടുത്താലും കിളിയെ ,
                                                         ആശ കൊടുക്കാമോ "...........................