Monday, 27 August 2012

പൂന്തോട്ടം


   'ടിംഗ് ടോന്ഗ് '        .. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കാതില്‍ എത്തിയപോള്‍  ആ ഒന്‍പതു വയസ്സുകാരന് തന്‍റെ കാലുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .  മുറ്റത്ത്‌ ഇരുനിറമുള്ള, മാന്യന്‍ ആണെന്ന്  വിളിച്ചോതുന്ന തരത്തില്‍ വസ്ത്രം ധരിച്ച ഒരാള്‍ . കയ്യില്‍ ഉള്ള ഡയറിയില്‍ എന്തോ തിരയുന്ന കണ്ണുകള്‍ . എന്‍റെ സാന്നിധ്യം അയാള്‍ അറിഞ്ഞിട്ടില്ല എന്ന് മനസിലാക്കി  എന്തോ ശബ്ദം ഉണ്ടാക്കി അയാളുടെ ശ്രദ്ധ  എന്നിലേക്ക്‌ ക്ഷണിച്ചു .   അയാള്‍  ചിരിച്ചു  കൊണ്ട് ചോദിച്ചു
              "മുരളീധരന്‍ പിള്ള സാറിന്‍റെ വീടല്ലേ? , സാര്‍ ഇല്ലേ ?".     
                                                       ഉറക്കത്തില്‍ കിടക്കുന്ന അച്ഛനെ വിളിച്ചുണര്‍ത്തിയതിന് പലപ്പോഴും  'ചെവി പൊന്നയത്' കൊണ്ട് എന്ത്  പറയണമെന്ന്  അറിയാതെ കുഴങ്ങി  അകത്തേക്കോടി,   "അമ്മേ, ആരോ വന്നിരിക്കുന്നു ".  
                                                                                പാത്രംകഴുകലിനു ഭംഗം നേരിട്ടതിന്‍റെ  നീരസം ഉണ്ടെങ്കിലും അത് പുറത്തു  കാട്ടാതെ  അമ്മ ഉമ്മറത്തേക്ക് വന്നു . വാതില്‍ക്കല്‍ സുപരിചിതമായ മുഖം അല്ലാത്തത് കൊണ്ട് തന്നെ കയറി ഇരിക്കാന്‍ പറഞ്ഞിട്ട് അമ്മ  അകത്തേക്ക് പോയി . എന്‍റെ നോട്ടം മുഴുവന്‍    അയളിലായിരുന്നു .  ഡയറിയില്‍ തന്നെ പരത്തികൊണ്ട് ഇരുന്ന കണ്ണുകളുടെ നോട്ടം പെട്ടെന്ന് എന്നിലേക്ക്‌ വന്നപ്പോള്‍  നാണംതോന്നി  വാതിലിനു  പിന്നിലൊളിച്ചു  .            
              "മോന്‍ എത്രാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് ".       
              "നാലാം  ക്ലാസ്സില്‍ "            
              " ഏതു സ്കൂളില്‍ "        . 
               " സെന്‍റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,അടൂര്‍ "    
                           അപ്പോളേക്കും അച്ഛന്‍ എത്തി .  " മുരളീധരന്‍ പിള്ള സാര്‍...... ?" .  
                                         " അതെ, എന്താ കാര്യം ?"
   "സാര്‍, പഴകുളം നഴ്സറിയില്‍ നിന്ന് കുറച്ചു മാവിന്‍ തൈകള്‍  വാങ്ങിച്ചിരുന്നില്ലേ  ?" .   
   " വാങ്ങിച്ചിരുന്നു ,പക്ഷെ നാലു മാസം മുന്‍പാണ്‌ "  ഒന്ന് ആലോചിച്ചിട്ട് അച്ഛന്‍ പറഞ്ഞു.
      " ഞങ്ങളുടെ  നഴ്സറി തുടങ്ങിയിട്ട് പത്തു കൊല്ലം ആകുന്നു , അത് കൊണ്ട്  ഈ വര്‍ഷം വന്നവരെ എല്ലാം ചേര്‍ത്ത് ഞങ്ങള്‍ ഒരു  നറുക്കെടുപ്പ് നടത്തി , അതില്‍ മുരളി  സാറിനാണ് ഒന്നാം സമ്മാനം.....  ".  എന്‍റെ ഹൃദയം തുള്ളിച്ചാടി  , എന്താണാവോ ഒന്നാം സമ്മാനം ?  അയാള്‍ തുടര്‍ന്നു " മൂന്ന് സമ്മാനത്തില്‍ നിന്നും ഒരണ്ണം സെലക്ട്‌ ചെയ്യാം ഫ്രിഡ്ജ്‌ , ടി വി , അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കി തരും ".   
      ദൈവമേ  കണ്‍ഫ്യൂഷന്‍ ആയല്ലോ . 
                                                            അച്ഛന്‍ അമ്മയെ നോക്കി " എന്ത് വേണമെടോ ? , ഫ്രിഡ്ജ്‌ഉം ,ടി വി ഉം ഇവിടെ ഇല്ലേ , ഗാര്‍ഡന്‍ പോരെ ?" .
                                                     മതി എന്ന അര്‍ത്ഥത്തില്‍ അമ്മ തല കുലുക്കി .  
                             "ഞാന്‍ പറയാന്‍ തുടങ്ങുവാരുന്നു ,  ഇത്രയും   മുറ്റമുള്ള  സ്ഥിതിക്ക് ഗാര്‍ഡന്‍ ആണ് നല്ലത്" . അയാള്‍ മുറ്റത്തേക്കിറങ്ങി ഗാര്‍ഡ്ന്‍റെ 'രൂപരേഖ ' തയ്യാറാക്കി കൊണ്ടിരുന്നു .   എന്‍റെ കുഞ്ഞു മനസ്സില്‍ അയാളുടെ സ്ഥാനം ഇപ്പോള്‍ എത്ര വലുതാണെന്ന് അയാള്‍ക്ക് അറിയില്ലാലോ .   ഞാനും അയാളുടെ കൂടെ ചാടി ഇറങ്ങി , സമ്മാനവുമായി വന്ന  സാന്താക്ലോസ് അങ്കിള്‍ ആണ്  അയാള്‍ എനിക്ക് .  
                       " ഇവിടെ  ഈ  മരം  ഉള്ളത് നന്നായി  .., ഇവിടെ നമ്മള്‍ക്ക്  ചട്ടി വെക്കാം ..." സാന്താക്ലോസ് അങ്കിള്‍ന്‍റെ നൂറു നൂറു പ്ലാന്നിംഗ്.   
            " ചായ കുടിക്കാം " അമ്മയുടെ വിളി ... 
           " പേര് ചോദിച്ചില്ല , എന്താണ് പേര് " ചായ കുടിക്കുനതിനിടയില്‍  അച്ഛന്‍റെ ചോദ്യം . 
            ഒരു പേരില്‍ എന്തിരിക്കുന്നു ,എനിക്ക് അത് എന്‍റെ സാന്താക്ലോസ് അങ്കിള്‍ ആണ് . 
           " മുരളി " അയാളുടെ മറുപടി .    " നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നാണല്ലോ , എന്നെ ഉണ്ണി എന്നാണ് നാട്ടില്‍ അറിയുന്നത് ".   
                                                              " നാളെ തന്നെ നമ്മള്‍ക്ക് ഗാര്‍ഡ്ന്‍റെ പണി തുടങ്ങാം , പിന്നെ ഉണ്ണി ചേട്ടാ  നഴ്സറിയില്‍  പുതിയ ഒരു പൌള്‍ട്രി ബിസിനസ്‌ തുടങ്ങുനുണ്ട്  , കോഴികളെ കൂട് അടക്കം കൊടുക്കുന്നു ,  കോഴികള്‍ മുട്ടയിട്ടു തുടങ്ങിയാല്‍  മുട്ട  ഞങ്ങള്‍ എടുത്തോളാം ,വെളിയില്‍ കൊടുകണ്ട .   പൂവന്‍ കോഴി  ആണെങ്കിലും  എടുത്തോളാം  ,  മുട്ടയും ഇറച്ചിയും വെളിയില്‍ കൊടുത്താലും കോഴി കാഷ്ടം എന്തായാലും ഞങ്ങള്‍ക്ക് തരണം ".   
       'മുട്ട ഓംലെറ്റ്‌ അടിക്കാം, കോഴി കാഷ്ടം കൊണ്ട് എന്ത് ഉണ്ടാക്കും  !'
                                " കാഷ്ടം  ഫാമിലെ  ചെടികള്‍ക്ക്  വളമായി ഉപയോഗിക്കും , നിങ്ങള്‍ക്ക് ഇതിന്‍റെ ബുദ്ധിമുട്ടും   ഒഴിവാകും  . "
          വല്ലാത്തൊരു  മാസ്മരിക  ശക്തിയാണയാളുടെ വാക്കുകള്‍ക്ക്  , കുറച്ചു നേരം കൊണ്ട് തന്നെ അയാള്‍ ഞങ്ങളുടെ  ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞിരിക്കുന്നു . സംസാരത്തിനിടക്ക്‌ എന്നെ നോക്കുന്ന ഓരോ നോട്ടത്തിനും 100  ചിരികള്‍ ഞാന്‍ സമ്മാനിക്കുന്നുമുണ്ട് .
      " കോഴികള്‍ക്കും കൂടിനും കൂടി എത്ര രൂപ ആകും ". അമ്മയാണ് ചോദിച്ചത് .
      "എല്ലാം കൂടി 2000രൂപ ആകും , പക്ഷെ  ഇപ്പോള്‍ 500രൂപ തന്നാല്‍ മതി ബാക്കി  3 മാസം കൊണ്ട് അടക്കാം " .
       സമ്മാനമായി 'പൂന്തോട്ടവും കോഴിമുട്ടയും'   കൊണ്ട്  വന്ന ലോകത്തിലെ ആദ്യത്തെ സാന്താക്ലോസ് .
500രൂപ നല്‍കിയപ്പോള്‍ എന്‍റെ സാന്താക്ലോസ് ബഹുമാനപൂര്‍വ്വം അത് നിരസിച്ചു " ഇപ്പോള്‍ വേണ്ട ,പണം കോഴികളെ  കൊണ്ട് വരുമ്പോള്‍ മാത്രം മതി " .
                            " എന്നാലും ഇരിക്കട്ടെ വേഗം കൊണ്ട് വന്നാല്‍ മതി "   പണം അയാളെ നിര്‍ബന്ധിച്ച് ഏല്പിച്ചു .
           ഡയറിയില്‍ എന്തൊക്കെയോ കുറിച്ചുകൊണ്ടു  അയാള്‍ തുടര്‍ന്നു "   സാധനം കൊണ്ടുവരുമ്പോള്‍ ബില്ല് തരാം . എടുക്കാന്‍ മറന്നു ".   പിന്നെ പുള്ളികാരന്‍റെ  ഒരു ബില്ല് .   ഇത്രയും  സാധങ്ങള്‍ ഇങ്ങോട്ട് തരുമ്പോള്‍ ബില്ല് അങ്ങേരു തന്നെ വെച്ചോട്ടെ .
                                      നടന്നകലുന്ന ആളെ നോക്കി എത്ര നേരം നിന്നെന്ന് ഓര്‍മയില്ല  , കുറച്ചു നേരം കൊണ്ട് എന്‍റെ അത്ര മാത്രം ഇഷ്ടം അയാള്‍ പിടിച്ചു പറ്റിയിരുന്നു . അയാളെ ആണോ അയാള്‍ തരാന്‍ പോകുന്ന പൂന്തോട്ടത്തെ ആണോ ഞാന്‍ ഇഷ്ടപെട്ടത്? ,അറിയില്ല . കിട്ടിയ സമ്മാനത്തേക്കാള്‍ അയാളുടെ പെരുമാറ്റത്തെകുറിച്ചായിരുന്നു അച്ഛനും അമ്മയ്ക്കും പറയാന്‍ ഉണ്ടായിരുന്നത് . ഒരു ദിവസം കൊണ്ട് തന്നെ  സമ്മാനത്തിന്‍റെ കഥ സ്ഥലത്തെ 'മൈല്‍കുറ്റികള്‍ക്ക്' പോലും പരിചിതമായി.
                                         ക്ലാസ്സ്‌ മുറിയില്‍  ഇരിക്കുമ്പോള്‍ പോലും മനസ്സില്‍  പലനിറങ്ങളിലുള്ള   പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂന്തോട്ടവും , ചിത്രശലഭങ്ങളും ,അതിനു നടുവിലുള്ള കുളത്തില്‍ നീന്തി തുടിക്കുന്ന വര്‍ണമത്സ്യങ്ങളും ആയിരുന്നു .  ആരോടും പറഞ്ഞില്ലെങ്കിലും സുഹൃത്തായ അഖിലിനോട്  പറഞ്ഞു " ഡാ അടുത്താഴ്ച വീട്ടില്‍ വരണം ഞങ്ങള്‍ പുതിയ ഗാര്‍ഡന്‍  ഉണ്ടാക്കുനുണ്ട്  ".
                         ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടേ ഇരുന്നു . ഓരോ ദിവസവും 'ഇന്ന് എന്‍റെ സാന്താക്ലോസ് അങ്കിള്‍ വരും' എന്ന് തീവ്രമായി  പ്രതീക്ഷിച്ചു   . പക്ഷെ ആഴ്ചകള്‍ മാസത്തിനു വഴിമാറിയപ്പോള്‍ വേദനയോടെ ഞാന്‍  മനസിലാക്കി   'ഇല്ല ഇനി വരില്ല' ഞങ്ങള്‍  പറ്റിക്കപ്പെട്ടിരിക്കുന്നു . നഴ്സറിയില്‍  അന്വേഷിച്ചു ചെന്ന അച്ഛന് കിട്ടിയ മറുപടി , 'ഇങ്ങനെ ഒരു  നറുകെടുപ്പിനെ കുറിച്ചോ , ഇങ്ങനെ ഒരാളിനെ കുറിച്ചോ അവിടെ ആര്‍ക്കും അറിയില്ല ' എന്നായിരുന്നു .    തുടര്‍ന്ന്  അന്വേഷിച്ചപോള്‍ മനസിലായി അടുത്തുള്ള പല സ്ഥലങ്ങളിലും ആളുകള്‍ സമാനമായ രീതിയില്‍  പറ്റിക്കപ്പെട്ടിരിക്കുന്നുവെന്ന്   .
                               ഇന്നെനിക്കു പറ്റിക്കാന്‍ വരുന്നവരോട് തോന്നുന്ന  അതേ വികാരം തന്നെ ആണ്   പറ്റിക്കപ്പെടുന്നവരോടും തോന്നാറ് . പറ്റിക്കല്‍ പ്രസ്ഥാനകാര്‍ മണിചെയിന്‍ , നോട്ട്‌ഇരട്ടിപ്പിക്കല്‍ ,  സ്വര്‍ണ്ണച്ചേന, നാഗമാണിക്ക്യം , ഓണ്‍ലൈന്‍ ലോട്ടറി , എന്നി ആധുനിക കലരൂപങ്ങളിലേക്ക്  മാറിയിരിക്കുന്നു  . നൂറു ശതമാനം സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന നമ്മള്‍ വീണ്ടും വീണ്ടും ചതി കുഴികളില്‍  പെട്ടുകൊണ്ടേ ഇരിക്കുന്നു . എനിക്കിപ്പോള്‍ പറ്റിക്കപ്പെടുന്നവരോട് യാതൊരു സഹതാപവും തോന്നാറില്ല . ' ഒരുവന്‍ സ്വയം  പറ്റിക്കപ്പെടാന്‍ നിന്ന് കൊടുക്കാതെ ആര്‍ക്കും അയാളെ പറ്റിക്കാന്‍ കഴിയില്ല '. സ്വയം വിഡ്ഢി  ആവാന്‍  നിന്ന് കൊടുത്തിട്ട് 'അയ്യോ പറ്റിച്ചേ' എന്ന്  നിലവിളിച്ചിട്ടെന്തു  പ്രയോജനം . അത് പോലെ  തന്നെയാണ് പറ്റിക്കാന്‍  ഇറങ്ങിപ്പുറപ്പെട്ട  കുടിലജന്മങ്ങളുടെയും കഥ , വാക്ദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച ഈ കൂട്ടര്‍ പക്ഷെ തിരഞ്ഞെടുക്കുന്നതോ തലതിരിഞ്ഞ  മാര്‍ഗങ്ങളും  . എന്താ പറയുക ' കുടിക്കാന്‍ സമുദ്രം മുന്നില്‍ ഉണ്ടെങ്കിലും  നായിക്കള്‍ നക്കിയേ കുടിക്കു '.  പക്ഷെ ഇവര്‍ മനസ്സുകളില്‍  ഉണ്ടാക്കുന്ന  മുറിവുകള്‍  വളരെ വലുതായിരിക്കും .
                                                  പതിനാറു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും  പലപ്പോഴും പല ആള്‍ക്കുട്ടത്തിലും  ഞാന്‍ തിരയാറുണ്ട് ,ആ മുഖം   .  പറ്റിക്കപ്പെട്ടത്തില്‍  ഉള്ള അമര്‍ഷം തീര്‍ക്കാന്‍ അല്ല മറിച്ച് ഉപയോഗിച്ച് പഴകിയ രണ്ടു വരി  എനിക്ക് പറ്റുന്ന രീതിയില്‍ 'എന്‍റെ സാന്‍റെയെ' പറഞ്ഞു മനസിലാക്കാന്‍
                                       " ആന കൊടുത്താലും കിളിയെ ,
                                                         ആശ കൊടുക്കാമോ "...........................

Friday, 29 June 2012

ദശാവതാരം


വിരാട്ട് പുരുഷന്‍,  മഹാവിഷ്ണുവിന്‍റെ അവതാരങ്ങളെ കുറിച്ച്  പറയാന്‍‍  വേണ്ട പാണ്ഡിത്യമോ വിജ്ഞാനമോ എനിക്കില്ല .വൈകുണ്ഡവാസിയുടെ  പത്തു അവതാരങ്ങളെ പറ്റി എനിക്ക് തോന്നിയ തോന്നലുകള്‍‍ മാത്രം ആണ് ഇത് .ലക്ഷ്മിപതിയുടെ അവതാരങ്ങളെ വേറെ ഒരു വീഷണ കോണില്‍‍ കൂടി നോക്കി കാണുക മാത്രമാണ് ചെയ്തിരിക്കുന്നത്
                                                                                                                              ഭാരത ദേശത്തില്‍ ജീവിച്ചിരുന്ന  ഋഷിവര്യന്മാര്‍ തപസ്വികള്‍ മാത്രമായിരുന്നില്ല മറിച്ചു അവര്‍ ‍ മഹാ ശാസ്ത്രജ്ഞര്‍ കൂടി ആയിരുന്നലോ  . ചരകന്‍‍ ,ശുശ്രുതന്‍‍ ,കണാദന്‍‍  അങ്ങനെ എത്രയോ പേര്‍മത്സ്യം മുതല്‍‍ ല്‍ക്കി  വരെ ഉള്ള പത്തു അവതാരങ്ങള്‍ . .ശാസ്ത്രീയമായി എന്തെങ്കിലും ഇതിലൂടെ നമ്മോടു പറയാന്‍‍  മഹത്തുകള്‍‍ ശ്രമിച്ചിരുന്നോ ??  അറിയില്ല , നമുക്കൊന്ന് അവയിലൂടെ സഞ്ചരിച്ചു നോക്കാം .

‍ 
                        മത്സ്യം   ; വേദങ്ങള്‍‍ വീണ്ടെടുക്കാന്‍‍  ഭഗവാന്‍‍ അവതരിച്ചു ,മത്സ്യമായി . ഒരു ജല ജീവി ആയി ഭഗവാന്‍റെ  ആദ്യ അവതാരം . ആദ്യം ഉണ്ടാകുന്ന ചെറു മത്സ്യം വളരെ വേഗം വളര്‍ന്നു  വലുതാകുന്നു . നമ്മള്‍ക്ക് ഇനി ആധുനിക ശാസ്ത്രം പറയുന്നത് എന്താണെന്നു നോക്കാം . ആദിമ  ഏക കോശ ജീവി ഉണ്ടായതു ജലത്തില്‍ ആണ് ഭഗവാന്‍റെ  ആദ്യ അവതാരവും ജലത്തില്‍ തന്നെ ! .   ഏക  കോശ ജീവിക്ക് പരിണാമങ്ങള്‍ ഉണ്ടാകുന്നു  അത്  ബഹുകോശമുള്ള ജീവി ആകുന്നുകുറെ നാളുകള്‍‍  ജലത്തില്‍ ജീവിച്ച     ജലജീവികള്‍  പതുക്കെ  കരയിലേക്ക് കയറാന്‍  തുടങ്ങി  . അങ്ങനെ കരയിലും വെള്ളത്തിലും ജീവിക്കുന്ന  ജന്തു  വിഭാഗങ്ങള്‍ ഉണ്ടായി .ഇത് പറഞ്ഞത്  ഞാന്‍‍ അല്ല, ശാസ്ത്രം തന്നെ ആണ് . ഇനി നമ്മള്‍ക്ക് ഭഗവാന്‍റെ  രണ്ടാം അവതാരത്തിലേക്ക് വരാം .  

                        കൂര്‍മം : കൂര്‍മം അഥവാ ആമ .ദേവന്മാരും അസുരന്മാരും പാലാഴി കടയുന്നു മന്ഥര പര്‍വതത്തെ മത്തക്കിയും വാസുകി സര്‍പ്പത്തെ കയറാക്കിയും അവര്‍ ഒന്നിക്കുന്നു എല്ലാ വൈരവും മറന്ന്  , അമൃത് രുചിക്കാനായി . കാളകൂടം മുതല്‍ അമൃത് വരെ ഉയര്‍ന്നു വന്നു . പാലാഴിമഥനത്തിന്‍റെ ഒരു ഘട്ടത്തില്‍ താണ് പോയ  മന്ഥര ര്‍വതത്തെ ഉയര്‍ത്താന്‍‍ ഭഗവാന്‍ കൂര്‍മവതരം പൂണ്ടു . മന്ഥര പര്‍വതത്തെ ഉയര്‍ത്തി ഇരുകൂട്ടരുടെയും രക്ഷക്കെത്തി കൂര്‍മ  രൂപി .    ഇനി  ശാസ്ത്രം പറയുന്നത് ശ്രദ്ധിക്കാം, ജീവി പരിണാമത്തില്‍ ജലത്തില്‍ നിന്നും കരയിലേക്ക് കയറിയ കൂട്ടര്‍ക്ക് കര പോലെ ജലവും വാസയോഗ്യം ആയിരുന്നു . കൂര്‍മം(ആമ ) ഈ കൂട്ടത്തില്‍ പെടുന്നത് തന്നെ !. ജന്തു പരിണാമം തുടര്‍ന്ന് കൊണ്ടിരുന്നു . പൂര്‍ണമായും കരയില്‍‍ മാത്രം ജീവിക്കുന്ന ജീവികള്‍‍ അതിനു ശേഷം ഉണ്ടായി .
                                വരാഹം ഭഗവാന്‍റെ  മൂന്നാമത്തെ പകര്‍ന്നാട്ടം ,വരാഹം . ഭൂമാതവിന്‍റെ രക്ഷക്ക് ഭഗവന്‍ പൂണ്ടത് വരാഹ രൂപം .ഹിരന്യാക്ഷന്‍ ഭൂമിദേവിയെ അപഹരിക്കുന്നു , ജലത്തില്‍ താഴ്ത്തുന്നു .ഇവിടെയും ഭൂമിദേവിയെ രക്ഷിക്കാന്‍ ഭഗവാന്‍ എത്തുന്നു ,വരാഹ രൂപം പൂണ്ട്.      ആയിരം വര്‍ഷം യുദ്ധം ചെയ്തു അവസാനം ആസുര ശക്തിയെ തുടച്ചു നീക്കി ഭഗവാന്‍ ദേവിയെ രക്ഷിക്കുന്നു . മഹാപ്രളയത്തിനു ശേഷം കൂടുതല്‍ കര രൂപ പെട്ടതും ,പൂര്‍ണമായും കരയില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ ഉണ്ടായെന്നും കരുതാം . പരിണാമത്തില്‍ ഉണ്ടായ  വരാഹം അഥവാ പന്നി പൂര്‍ണമായും കരയില്‍‍ ജീവിക്കുന്ന ഒരു ജീവി തന്നെ . ശാസ്ത്രം പറഞ്ഞതും ഇതല്ലേ ? 
          നരസിംഹം : ഭഗവാന്‍റെ  അവതാരങ്ങളില്‍‍ ഏറ്റവും രൗദ്ര രൂപി . പകുതി മനുഷ്യനും പകുതി മൃഗവും . ഹിരണ്യകശുപുവ്ന്‍റെ  പിടിയില്‍‍ നിന്നും പ്രഹ്ലദാനെ ഭഗവാന്‍‍ രക്ഷിച്ചത്‌  രൂപം പൂണ്ടാണ്‌ . വരത്താല്‍ ഉന്മത്തന്‍ അയ ഹിരണ്യകശുപു വൈഷ്ണവരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തുടങ്ങുന്നു . സ്വപുത്രനെ പോലും വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു .പരമ ഭക്തനായ പ്രഹ്ലദാനെ കൈവിടാതെ ആയുധം കൂടാതെ തന്നെ ഹിരണ്യകശുപുവിനു മോഷം നല്‍കി നരസിംഹം.  പരിണാമം വരഹത്തില്‍ (പന്നി )  ഒതുങ്ങി ഇല്ല . പരിണാമം നേരെ മനുഷ്യനിലേക്ക് പോയതുമില്ല .ശാസ്ത്രം പറയുന്നത് അനുസരിച്ച് മനുഷ്യന്‍‍ പൂര്‍ന്‍‍ ആകുന്നത്‌ മുന്‍പ് ഉണ്ടായ ജന്തു വിഭാഗങ്ങളും ഇത്തരത്തില്‍‍ ആയിരുന്നു ,മനുഷ്യനും മൃഗവും പപ്പാതി .ഭഗവാന്‍റെ  ഈ നാലു അവതാരങ്ങളും  "സത്യയുഗ"ത്തില്‍  ആയിരുന്നു .
                   വാമനന്‍ : ത്രേതായുഗത്തിലെ  ഭഗവാന്‍റെ ആദ്യ അവതാരം .ധ്യാനമിരിക്കാന്‍ മൂന്നടി  മണ്ണ് ഭിക്ഷ ചോദിച്ചെത്തുന്നത്  സാക്ഷാല്‍ പ്രഹ്ലദാ പൗത്രനും , ശുക്രാചാര്യശിഷ്യനും ,ര്‍മിഷ്ടനുമായ മഹാബലിക്കു മുന്‍പില്‍. രണ്ടടി കൊണ്ട് വിശ്വം മുഴുവന്‍ അളന്നു ,മൂന്നാമത്തെ കാല്‍വെക്കാന്‍ ഇടം എവിടെ ? സ്വന്തം ശിരസു തന്നെ കാണിച്ചു കൊടുക്കുന്നു ബലി . മൂന്നാമത്തെ കാല്‍വെപ്പില്‍ ആ പുണ്യത്മവിനെ ഇന്ദ്രസ്വര്‍ഗത്തിലും ഉയരെ എടുതുയര്‍ത്തുന്നു ഭഗവാന്‍ . ഭഗവാന്‍റെ ആദ്യ മനുഷ്യാവതാരം .                            ഇനി ശാസ്ത്രം ,  മനുഷ പരിണാമത്തില്‍‍ ആദ്യം ഉണ്ടായതു കുറിയ മനുഷര്‍ ആയിരുന്നു . മഹാബലി ചക്രവര്‍ത്തിക്കു മോഷം കൊടുക്കാന്‍ വന്ന ഭഗവാന്‍റെ  വാമന അവതാരവും  ആളു കുറിയവന്‍ തന്നെ . ആ മനുഷ്യനും പരിണാമങ്ങള്‍ സാവധാനത്തില്‍ സംഭവിച്ചു കൊണ്ടേ ഇരുന്നു .രൂപത്തില്‍  എന്നാ പോലെ ബുദ്ധിക്കും വികാസം ഉണ്ടായി . ആദിമ മനുഷനില്‍‍ നിന്നും പതിയെ പതിയെ ആയുധങ്ങള്‍‍ ഉപയോഗിക്കുന്ന നിലയിലേക്ക് മനുഷ്യ ബുദ്ധി വളര്‍ന്നു . 
                    പരശുരാമന്‍  :  ജമദഗ്നിയുടെയും  ,രേണുകയുടെയും പുത്രന്‍‍ ഉപയോഗിക്കുന്ന ആയുധം പരശു ആയതു  കൊണ്ട് പരശുരാമന്‍ എന്ന പേര് വന്ന  ഭാര്‍ഗവ രാമന്‍. കൊടും തപസിലൂടെ സാക്ഷാല്‍ ശിവശങ്കരനെ പ്രത്യക്ഷന്‍ ആക്കി ആയുധം നേടിയവന്‍ .ഇരുപത്തൊന്നു തവണ ലോകം ചുറ്റി ക്ഷത്രിയ നിഗ്രഹം നടത്തിയ ഭാര്‍ഗവന്‍ . ഇനി മനുഷ പരിണാമത്തിലേക്ക് വരാം ,പ്രകൃതിയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടാന്‍ അവന്‍റെ ബുദ്ധി അവനെ സഹായിച്ചു . നിലനില്‍പ്പിനു ആയുധങ്ങള്‍ അത്യാവശ്യമായി വന്നു . വന്യമായ വെല്ലുവിളികള്‍ ,ആദിമ മനുഷന്‍ മഴു  പോലുള്ള ആയുധങ്ങള്‍‍ ഉപയോഗിച്ച് അതിജീവിച്ചു കൊണ്ടിരുന്നു ഗുഹകളില്‍‍ താമസിച്ച  മനുഷര്‍ ആയുധംഉപയോഗിച്ച് ഗൃഹ നിര്‍മാണവും മറ്റും നടത്താനും തുടങ്ങി .ലോഹങ്ങള്‍ കണ്ടു പിടിച്ച "മെറ്റല്‍ ഏജ്" ആയിരുന്നു അത്  . ആയുധങ്ങളിലും പിന്നീട് വന്നവര്‍ പരിഷ്കാരങ്ങള്‍  നടത്തി .
                   ശ്രീരാമന്‍ : മര്യാദപുരുഷോത്തമന്‍ , സീതാപതി, ഭഗവാന്‍റെ ഏഴാമത്തെ അവതാരം .ദശരഥന്‍ന്‍റെയും കൗസല്യയുടെയും പുത്രന്‍ . സൂര്യവംശി അയ അയോധ്യ രാജാവ്‌ . . ഹനുമാന്‍റെ നേത്രത്വത്തില്‍ ഉള്ള വാനരസേനയുടെ  സഹായത്താല്‍  രാവണന്‍റെ  ലങ്ക കീഴടക്കി  സീതാദേവിയെ വീണ്ടെടുത്ത വീരന്‍ . ധനുര്‍ വിദ്യയില്‍ അഗ്രഗണ്യന്‍ .  ത്രേതാ യുഗത്തിലെ  ഭഗവാന്‍റെ അവസാന അവതാരം .  ശാസ്ത്രീയമായി  പറഞ്ഞാല്‍ , മനുഷ്യ പരിണാമത്തില്‍ ആയുധങ്ങളില്‍ ഉണ്ടായ പുരോഗതി ഇവിടെ എടുത്തു പറയണം. ദൂരെ നിന്ന് വേട്ടയടനായി അവര്‍ ധനുര്‍ വിദ്യ സ്വായത്തമാക്കി .വന്യജീവികളെ വേട്ടയാടി പിടിക്കാന്‍ അവര്‍ ശീലിച്ചത് അമ്പും വില്ലും ഉപയോഗിച്ചാണ് .(ഭഗവാന്‍റെ ആയുധവും അമ്പും വില്ലും തന്നെ ). വനത്തിലെ കനികള്‍ ഭക്ഷിച്ചും മൃഗങ്ങളെ വേട്ടയാടിയും അവരുടെ ജീവിതം മുന്‍പോട്ടു പോയി . കാലം പോകും തോറും ആയുധ വിദ്യ കൂടാതെ മറ്റു പലതും അഭ്യസിക്കാന്‍ അവര്‍ നിര്‍ബന്ധിതര്‍ ആയി . 
                            ബലരാമന്‍ : ദ്വാപര യുഗത്തിലെ ഭഗവാന്‍റെ ആദ്യ അവതാരം .ശ്രീകൃഷ്ണ ജേഷ്ഠന്‍ ." കലപ്പ " ആയുധമായി സ്വീകരിച്ചവന്‍ . ഭീമസേനന്‍റെയും , ദുര്യോധനന്‍റെയും  ഗുരു . മാനവ ചരിത്രത്തിലേക്ക് വരാം, കാട്ടിലെ കനികളും, വേട്ടയാടിയ  മൃഗങ്ങളും അവന്‍റെ വിശപ്പ്‌ അടക്കാന്‍ പര്യാപ്തം അല്ലാതായി ,തല്ഭലമായി അവന്‍ നിലമൊരുക്കി  കൃഷി ചെയ്യാന്‍ ആരംഭിച്ചു . കലപ്പ ആണ് നിലമൊരുക്കാന്‍ ഉപയോഗികുന്നത് എന്നത് ഓര്‍ക്കുക .ഇവിടെ നോക്കു കലപ്പ ആണ് ഭഗവാന്‍റെ ആയുധം . നിലം ഒരുക്കാന്‍ ഉപയോഗിക്കുന്ന കലപ്പ .ഇതില്‍ നിന്നും മനുഷന്‍ പരിണാമത്തിന്‍റെ പൂര്‍ണതയില്‍ എത്തി എന്ന് വേണം കരുതാന്‍ .കൃഷി രീതികളും ഒത്തു ചേര്‍ന്നുള്ള താമസവും അവനെ സമൂഹ ജീവി ആക്കി .
                            ശ്രീകൃഷ്ണന്‍ : ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ . ഭഗവാന്‍റെ ഒന്‍പതാം അവതാരം . അവതാരങ്ങളില്‍ പൂര്‍ണ അവതാരം .'ഗീത' എന്നാ അമൃത് ലോകത്തിനു തന്നവന്‍ . സാരഥി ആയി ഇരുന്നു കൊണ്ട് പാണ്ഡവരെ മഹാഭാരത യുദ്ധം ജയിപ്പിച്ചവാന്‍ .മകനായി ,കാമുകനായി ,ഭര്‍ത്താവായി ,സുഹൃത്തായി ,രാജാവായി  അങ്ങനെ ഏതു വേഷം ആടിയാലും പൂര്‍ണന്‍. മുരളി ഗാനത്തല്‍ വൃന്ദാവനത്തിലെ ഓരോ ജീവ ജാലത്തെയും തന്നിലേക്ക് ആകര്‍ഷിച്ചവന്‍ .. ദ്വാപര യുഗത്തിലെ അവസാന അവതാരം .. പരിണാമത്തിനൊടുവില്‍  മനുഷ്യന്‍ പൂര്‍ണന്‍ ആകുന്നു . ബൗദ്ധികമായും, സാമൂഹികമായും ,സാംസ്ക്കരികമായും ഉന്നതിയില്‍ എത്തുന്നു . ജല ജീവിയില്‍ നിന്നും പൂര്‍ണ്ണ മനുഷ്യനിലേക്ക് എത്തുന്നു പരിണാമം .


                                   
                                      കല്‍ക്കി കലിയുഗത്തില്‍ വരാന്‍ ഇരിക്കുന്ന ഭഗവാന്‍റെ പത്താമത്തെയും ,അവസാനത്തെയും അവതാരം . കലിയുഗത്തിന്‍റെ അവസാനവും സത്യ യുഗത്തിന്‍റെ തുടക്കവും ഈ അവതാരം മൂലം ഉണ്ടാകും . ഇന്നു നടക്കുന്ന ധര്‍മ്മച്ചുതികള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍റെ അവസാനത്തെ അവതാരം . മനുഷ്യന്‍ പൂര്‍ണന്‍ ആയതിനൊപ്പം അവന്‍റെ ആഗ്രഹങ്ങളും വളര്‍ന്നു ,ആഗ്രഹ സാഭല്യത്തിനായി അധര്‍മ്മത്തെ കൂട്ട് പിടിച്ചു അവന്‍ അതിവിനാശകാരി ആയി മാറി . ഇത് പരിതിയില്‍കൂടുതല്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . ഇന്നിന്‍റെ യുഗ മായ കലിയുഗത്തില്‍ ധര്‍മ്മത്തിന്നും സത്യത്തിനും ഉണ്ടായ തകര്‍ച്ച പരിതിവിടുമ്പോള്‍ അവന്‍ അവതരിക്കും . നമ്മള്‍ക്കും കാത്തിരിക്കാം ഭഗവാന്‍റെ ആ വേഷ പകര്‍ച്ചക്കായി  .
                                 ## ജലത്തില്‍ ഉണ്ടായ ആദ്യ ജല ജീവിയില്‍ തുടങ്ങി മനുഷ്യനില്‍ എത്തിയ  പരിണാമ സിദ്ധാന്തവും , ഭഗവാന്‍റെ പത്തു അവതാരങ്ങളും തമ്മില്‍ ഉള്ള ബന്ധം നോക്കി കാണുക മാത്രം ചെയ്തിരിക്കുന്നു .##

Monday, 18 June 2012

അഹിംസ

മത പ്രഭാഷണം കൊടുമ്പിരി കൊള്ളുന്നു . മത പ്രഭാഷകന്‍ മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിക്കുകയാണ് , വിശ്വാസികള്‍ ആ നാവില്‍ നിന്നും വീഴുന്ന മൊഴി മുത്തുകള്‍ ഇപ്പോള്‍ തന്നെ ജീവിതത്തില്‍ പകര്‍ത്തും എന്നാ നിലയില്‍ ഇരിക്കുന്നു . ഇന്നത്തെ പ്രസംഗ വിഷയം എന്താണാവോ ?                                     "  ഓരോ ജീവനും വിലപ്പെട്ടതാണ്‌ , ഈശ്വരന്‍ കൊടുത്ത ജീവന്‍ എടുക്കാന്‍ ഈശ്വരന് മാത്രമേ അവകാശം ഒള്ളു ......" ,അതെ അഹിംസ ആണ് ഇന്നത്തെ വിഷയം.              ' ട്ടപ്പ് ', ഒറ്റ അടിക്കു തന്‍റെ മുഖത്തു വന്നിരുന്ന കൊതുകിനെ കൊന്നിട്ട് , തെറിച്ചു വീണ രക്ത തുള്ളികള്‍ തന്‍റെ കുപ്പായത്തില്‍ തുടച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു, "ഈശ്വരന്‍ എല്ലാ ജീവനും ഒരുപോലെ വിലകല്‍പിക്കുന്നു അത് കൊണ്ട്  ഒരു ചെറു പ്രണിയെ പോലും വേദനിപ്പികന്നോ, കൊല്ലാനോ ഉള്ള അധികാരം നമ്മള്‍ക്കില്ല, ......................."

Monday, 30 April 2012

അടൂരില്‍ നിന്നും കായംകുളം വരെ ഒരു യാത്ര


എല്ലാവര്‍ക്കും നല്ലത്  വരുത്തണേ അപ്പുപ്പ ' , എവിടെ പോകാന്‍ ഇറങ്ങിയാലും എന്‍റെ പതിവ് പ്രാര്‍ത്ഥന  ആണ്  . അപ്പുപ്പന്‍ എന്ന് പറയുമ്പോള്‍ തെറ്റിദ്ധരികണ്ട , ഞങ്ങളുടെ നാട് കാക്കുന ഞങ്ങളുടെ മലയുടെ ദേവനെ ഞങ്ങള്‍ അപ്പുപ്പന്‍  എന്നാണ് വിളികുന്നത് .  മലയുടെ അടിവാരത്ത് താമസിക്കുന്ന ഞങ്ങള്‍ക്ക് ആ കൊച്ചു ക്ഷേത്രം ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെ ആണ്  . "ഭീമന്‍ കുന്നു മല " എന്ന് പലരും പറയുന്ന ആ മലയുടെ ദേവന്‍ "ഭീമന്‍ " ആണെന്ന് പറയുനവര്‍ ഉണ്ട് . അതല്ല "ഭീമന്‍ കൊന്ന മല " ആണെന്നും  , അത് കൊണ്ട് തന്നെ അവിടെ ഉള്ള മൂര്‍ത്തി " ദുര്യോദനന്‍  " ആണെന്നും  ഒരു കൂട്ടര്‍ പറയുന്നു . അതല്ല ശിവന്‍റെ  സാനിദ്ധ്യം ആണ്  അവിടെ ഉള്ളതെന്ന് ഈ അടുത്ത ഇടയ്ക്കു കേട്ടു. എന്തായാലും പേരില്ല മൂര്‍ത്തിയെ ഞങ്ങള്‍ അപ്പുപ്പന്‍ എന്ന് വിളിക്കുന്നു .
                                                                                                              അന്ന് ഒരു സുഹൃത്തിന്‍റെ പെങ്ങളുടെ കല്യാണത്തിന് മുന്‍കൂറായി ഗിഫ്റ്റ് കൊടുക്കാന്‍ ഇറങ്ങിയതാണ് . അപ്പുപ്പനെ തൊഴുതു , വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജ നടക്കുന്ന ആ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി നടന്നു . വഴിയില്‍ കാണുന്നവരോട് കുശലം  പറയുന്നുണ്ടെങ്കിലും  മനസില്‍ 'ചാരുമൂട്‌ ' വരെ പോകണം എന്നുള്ളത്   കൊണ്ട് തന്നെ ഒരു തിടുക്കം ഉണ്ട് . ജംഗ്ഷനില്‍ നിന്നും ' അടൂര്‍' ക്കുള്ള ബസ് പിടിച്ചു . അടൂരില്‍ എത്തിയാല്‍ ഗിഫ്റ്റ് മേടികണം എന്ന് മുന്‍കൂട്ടി തന്നെ നിശ്ചയിച്ചിരുന്നു . ബസ്‌ ഇറങ്ങിയ ശേഷം പേഴ്സ് ഒന്നുടെ ഒന്ന് പരിശോധിച്ച്  നൂറിന്‍റെ മൂന്ന് ഗാന്ധി ഉണ്ടെന്നു ഉറപ്പു വരുത്തി, അന്‍പതും  പത്തുമായും  ഗാന്ധി എന്നെ നോക്കി ചിരിക്കുന്നു,  ചില്ലറ  ആയിട്ടും കാണും കുറച്ച് . ഒരു ഗിഫ്റ്റ് ഷോപ്പില്‍ കയറി ഓരോരോ സാധനമായി തിരയാന്‍ തുടങ്ങി . ചിലത് മനസില്‍ പിടിച്ചില്ല , മനസ്സില്‍ പിടിച്ച ചിലതിനു കയ്യില്‍ ഉള്ള ഗാന്ധി മതിയാവില്ല . കുഴപ്പം ഇല്ലെന്നു തോന്നിയ ഒരണ്ണം എടുത്തു . "എത്രായി ചേട്ടാ " ? . "ഇരുനൂറു രൂപ " .  " അത് കുറച്ചു കൂടുതല്‍ അല്ലെ ചേട്ടാ " . നൂറ്റമ്പതു രൂപ എടുത്തു കൊടുത്തു . പോരന്നായി  കടക്കാരന്‍  . ഒരു പത്തും കൂടി കൊടുത്ത് മനോഹരമായി പായ്ക്ക് ചെയ്തു വാങ്ങി .  " ഇത് കുറച്ചു കൂടുതല ചേട്ടാ " എന്ന്   പറഞ്ഞു    കടക്കാരന്  ഒരു ചിരി സമ്മാനിച്ച്‌ അവിടെന്നിന്നും ഇറങ്ങി . വല്ലാതെ ദാഹിക്കുന്നു , 'ഒരു നാരങ്ങ വെള്ളം കാച്ചിയാലോ ?' മനസ് പറഞ്ഞു . ഒരു  ബേക്കറിയില്‍ കയറി ഒരു സോഡാ ലയിം കുടിച്ചു . തണുപ്പ് ഇറങ്ങിയപോള്‍ എന്തോ ഒരു സുഖം .
                                                                                              കായംകുളം വരെ ഉള്ള ബസ്‌ ആണ് കിട്ടിയത് ,അതില്‍ ചാരുമൂട്‌ ഇറങ്ങാം . സീറ്റ്‌ ഇല്ല . നില്‍ക്കുക തന്നെ . " ടിക്കറ്റ്‌ , ടിക്കറ്റ്‌ " , ഈ ലോകത്തോട്‌ മുഴുവന്‍    പുച്ഛവും   ദേഷ്യവും ആണ്  തനിക്കു എന്ന് തോനിക്കുന്ന രീതിയില്‍ മുഖം പിടിച്ചു കൊണ്ട് കണ്ടക്ടര്‍ പയ്യന്‍ . "ഒരു ചാരുമൂട്‌ " . അമ്പതു രൂപ കൊടുത്തത് പയ്യന് അത്ര പിടിച്ചില്ല . " ചില്ലറ ഇല്ലേ ?".      " ഇല്ല " ഞാന്‍  പറഞ്ഞു  . എന്തോ പിറ് പിറുത്തു , ബാക്കി തന്നു പയ്യന്‍ വിളിച്ചു പറയുന്നു " ടിക്കറ്റ്‌ എടുക്കാന്‍ ആരാ , ടിക്കറ്റ്‌ ടിക്കറ്റ്‌ ". ബസ്‌ ഹൈ സ്കൂള്‍ ജഗ്ഷനില്‍ എത്തിയിരിക്കുന്നു , ഒരാള്‍ എഴുനേറ്റു . ഒറ്റ ചാട്ടത്തിനു സീറ്റ്‌ ഞാന്‍ കൈയടക്കി . 'ഹോ , സമധാനമായി ,സീറ്റ്‌  കിട്ടിയല്ലോ  ' മനസ്സില്‍  പറഞ്ഞു .  ബസ്‌ കേന്ദ്രീയ വിദ്യാലയം കടന്നു പോയപോള്‍ ഞങ്ങളുടെ സ്വന്തം "പവനായി " യെ  ഓര്‍മ വന്നു . അവന്‍റെ  വീട് അവിടയിരുന്നു . മണ്ടത്തരം മാത്രം വിളംബിയിരുന്ന ഞങ്ങളുടെ പവനായി . ഇപ്പോള്‍ നേവിയില്‍ ഓഫീസര്‍ ആണ് അവന്‍ . 
                                                                                                                                         ബസ്‌ കുതിച്ചു കൊണ്ടിരുന്നു എന്‍റെ മനസും .നൂറനാട് കഴിഞ്ഞിരിക്കുന്നു , അടുത്ത ജഗ്ഷന്‍ , എന്‍റെ കലാലയ ജീവിതത്തില്‍ ഞാന്‍ ദിനവും  ഇറങ്ങി കൊണ്ടിരുന്നുന 'പാറ ജഗ്ഷന്‍ ' . കെ .പി . റോഡില്‍ നിന്നും എന്‍റെ കലാലയം ആയ 'ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്ഗില്‍  ' പോകണമെങ്കില്‍ ഇവിടെ ഇറങ്ങണം . എന്തായാലും ഇന്ന് ഇവിടെ ഇറങ്ങാന്‍ തരമില്ല . ഒരുപിടി ഓര്‍മകളും ,ഒരുപാടു  സുഹൃത്തുകളേയും തന്ന എന്‍റെ കലാലയം .  ഒരിക്കലും മറക്കാന്‍ ആവാത്ത നാലു വര്‍ഷങ്ങള്‍ ജീവിത താളില്‍ എഴുതി തന്ന എന്‍റെ കോളേജ് .  ഓര്‍മ്മകള്‍ കുറച്ച് കൊല്ലങ്ങള്‍ പിറകോട്ടു പോയി . ആദ്യമായി കോളേജില്‍ വന്ന ദിവസം . '  തുള്ളിക്കൊരുകുടം ' എന്നാ മട്ടില്‍ മഴ പെയ്ത ദിവസം . ആദ്യമായി കയറി ചെന്ന എന്നോട് 'പിന്‍ തിരിഞ്ഞു ' നിന്ന കോളേജ് ( എന്‍റെ  കോളേജില്‍ കയറി ചെല്ലുനത് പിന്‍ വശത്ത് കൂടി ആണ്  ). തന്‍റെ സുന്ദര രൂപം വെളിവാക്കി കൊണ്ട് സുന്ദരിയായി പുഞ്ച. മുന്‍വശത്തെ   പൂംത്തോട്ടവും  പുഞ്ചയും കൂടി അവിസ്മരണീയമായ കാഴ്ച തന്നെ ആദ്യ ദിനം എനിക്ക് സമ്മാനിച്ചു. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ നാനൂറു പരീഷകള്‍ നാലായിരം അസയിന്മേന്റുകള്‍ ,എല്ലാം നാലു ദിവസം പോലെ കടന്നു പോയി . ഓര്‍മകളില്‍ ഞാന്‍ പരിസരം മറന്നു പോയെന്നു തോന്നുന്നു . "ചാരുമൂട്‌ ,ചാരുമൂട്‌ , ചാരുമൂട്‌ ആള് ഇറങ്ങാന്‍ ഉണ്ടോ ?" കണ്ടക്ടര്‍ പയ്യന്‍റെ വിളിയാണ് എന്നെ ഉണര്‍ത്തിയത് . പെട്ടെന്ന് ചാടി ഇറങ്ങി .
                                                                                                       ഇനി അടുത്ത ബസ്‌ പിടിക്കണം, വേറെ വഴിയാണ് പോകേണ്ടത് . പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി , ദൈവമേ ഞാന്‍ കൊടുക്കാന്‍ കൊണ്ട് വന്ന വന്ന ഗിഫ്റ്റ് കയ്യില്‍ ഇല്ല . ഓര്‍മകളുടെ തള്ളിച്ചയില്‍ ഗിഫ്റ്റ്   ബസ്സില്‍  നിന്നും എടുക്കാന്‍  മറനിരിക്കുന്നു . നോക്കി നില്ക്കാന്‍ സമയം ഇല്ല , ഒരു ഓട്ടോ പിടിച്ചു " ചേട്ടാ , വേഗം കായംകുളം ഭാഗത്തേക്ക്‌ വിട്ടോ ".  ഓട്ടോ ചലിച്ചു തുടങ്ങി .    'അധികം ദൂരം പോയി കാണില്ല ' മനസ്സില്‍ ആശ്വസിക്കാന്‍ ശ്രമിച്ചു .          "എന്ത് പറ്റി" . ഓട്ടോ ചേട്ടന്‍ ചോദിച്ചു .           " എന്‍റെ ഒരു ബാഗ്‌ ബസില്‍ വെച്ച് മറന്നു , വേഗം പോകണം , അധികം ദൂരം പോയി കാണില്ല ".        കാര്യം മനസിലായ മട്ടില്‍ അദ്ദേഹം സ്പീഡ് കൂട്ടി .  ബസ്‌ കാണുനില്ല . " ചേട്ടാ വേഗം " . പുള്ളി പിന്നെയും സ്പീഡ് കൂട്ടി . ഇല്ല ബസിന്‍റെ പൊടി പോലും കാണുനില്ല . ഓട്ടോ വേഗത്തില്‍ ആണ്  പോകുനത് പക്ഷെ എനിക്ക് തൃപ്തി ഇല്ല . " വേഗം വേഗം ". " ട്രെയിന്‍റെ സ്പീഡ് ഓട്ടോയിക്ക് കിട്ടില്ല മോനെ " തിരിഞ്ഞു നോക്കാതെ തന്നെ പുള്ളി പറഞ്ഞു . കുറെ നേരം ഞാന്‍ മിണ്ടിയില്ല . ഒരു ബസ്‌ പോകുന്നു മുന്‍പില്‍ , പക്ഷെ അത് ഞാന്‍ വന്ന ബസ്‌ അല്ല. ഓട്ടോ അതിന്‍റെ പരമാവതി വേഗത്തില്‍ അലറി വിളിച്ചു കൊണ്ട് പോകുന്നു . പലരും ഞങ്ങളുടെ ഓട്ടോയെ നോക്കുനുമുണ്ട് . ഇത്രയും വേഗത്തില്‍ ഓട്ടോ വിടുന്ന ചേട്ടനോട് ഒരു ആരാധനാ ഒക്കെ തോന്നിയെങ്കിലും മനസ്സില്‍ എന്‍റെ ഗിഫ്റ്റ് മാത്രമായിരുന്നു . ഓട്ടോ കായംകുളം എത്താറായി , " എത്ര നേരം കഴിഞ്ഞാണു ഓട്ടോ പിടിച്ചത് " ഓട്ടോ ചേട്ടന്‍റെ ചോദ്യം .          "ഒരു മിനിറ്റ് പോലും ആയില്ല " .        " ചില ബസുകള്‍ അഞ്ചു പത്തു മിനിറ്റ് ചാരുമൂട്ടില്‍   നിര്‍ത്തിയിടാറുണ്ട്  " ഓട്ടോ ചേട്ടന്‍റെ കമന്‍റു  . 'ദൈവമേ ചതിച്ചോ ' മനസ്സില്‍ പറഞ്ഞു . ഓട്ടോ കായംകുളം എത്തി . ഞാന്‍ വന്ന ബസ് മാത്രം കണ്ടില്ല . " തിരിച്ചു പോകാം ചേട്ടാ ".
                                                                                                                                  ഓട്ടോ തിരിച്ചു , സാധാരണ വേഗത്തില്‍ മൂളി കൊണ്ട് പോകുകയാണ് . ഫോണ്‍ റിംഗ് അടിക്കുന്നു . ഫോണ്‍ എടുത്തു നോക്കി സുഹൃത്താണ്‌ ," നീ എവിടെ ആയി ?" . " ഞാന്‍ വന്നു കൊണ്ട് ഇരിക്കുന്നു , വന്നിടു പറയാം കഥകള്‍ ". ഞാന്‍ പറഞ്ഞു.   "എന്താടാ എന്ത് പറ്റി ?" മറുതലക്കല്‍ നിന്നുള്ള ചോദ്യം . " വന്നിടു പറയാമെടാ ". ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു . ഓട്ടോ പിന്നെയും മുന്നോട്ടു  പോയികൊണ്ടിരുന്നു   . അതാ വരുന്നു " കായംകുളം " ബോര്‍ഡ്‌ വെച്ച ഒരു ബസ്‌ . അതെ അത് അവന്‍ തന്നെ ഞാന്‍ വന്ന അതെ ബസ്‌ ,  എന്‍റെ ഗിഫ്റ്റ് 'കവര്‍ന്ന ' അവന്‍ തന്നെ . " ചേട്ടാ അത് തന്നെയാ ഞാന്‍ വന്ന ബസ്‌ " . അയാളുടെ മുഖത്ത് ഒരു ചിരി പടരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു . ഓട്ടോ നിര്‍ത്തി ഞാന്‍  ബസ്സിന്‍റെ   മുന്‍പിലേക്ക് ചാടി . പഴയ കണ്ടക്ടര്‍ പയ്യന്‍ തന്നെ , " എന്‍റെ ഒരു പാക്കറ്റ് ഇതില്‍ വച്ച് മറന്നു " ഞാന്‍ പറഞ്ഞു . " ഇതാണോ " എന്‍റെ പാക്കറ്റ് എടുത്തു കാണിച്ചു . " അതെ ഇത് തന്നെ " . അവന്‍ ഒരു ഇളിച്ച ചിരിയോടെ പാക്കറ്റ് എനിക്ക് തന്നു . പാക്കറ്റ് പൊട്ടിയിരിക്കുന്നു .             " എന്താന്നെനു അറിയാന്‍ ഞങ്ങള്‍ പൊട്ടിച്ചു നോക്കി , ഇനി വല്ല ബോംബ്‌  എങ്ങനം  ആണെങ്കിലോ   ?"  പയ്യന്‍റെ  ഇളിച്ച ചിരിയോടുള്ള കോമഡി .    ' ബോംബ്‌ ആയിരുനെകില്‍ നീ എന്ത് ചെയ്തെനെട '..........' '  എന്ന് ചോദിക്കാന്‍ തോന്നി . ദേഷ്യം അടക്കി ബസില്‍ നിന്നും ഇറങ്ങി . സുന്ദരമായി പൊതിഞ്ഞു കൊണ്ട് വന്ന ഗിഫ്റ്റ്ന്‍റെ അവസ്ഥ കണ്ടു  കരയാന്‍ തോന്നി . വേഗം വന്നു ഓട്ടോയില്‍ കേറി . "പോകാം ചേട്ടാ " ചിരി അടക്കാന്‍ പാടുപെടുന്ന ഓട്ടോ ചേട്ടനോട് പറഞ്ഞു . കുറെ നേരം ഞാന്‍ ഒന്നും മിണ്ടിയില്ല . ചമ്മലും ,സങ്കടവും കൂടി എന്നെ വരിഞ്ഞു മുറുകി കൊണ്ട് ഇരുന്നു . 
                                                                         " ചാരുമൂട്‌ എത്തി എവിടെയാ ഇറങ്ങണ്ടത്" അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു . " എത്ര രൂപ ആയി  ചേട്ടാ "  .  മനസ്സില്‍ കണക്കു കൂടി അയാള്‍ പറഞ്ഞു "ഇരുനൂറ്റി മുപ്പതു" .  തലയില്‍ ഇടിവെട്ടിയത് പോലെ ഞാന്‍ ഇരുന്നു . നൂറ്റി അറുപതു   രൂപയുടെ ഗിഫ്റ്റ് എടുക്കാന്‍ എനിക്ക് ഇപ്പോള്‍ ചെലവ് വന്നത് ഇരുനൂറ്റി മുപ്പതു രൂപ . പണം കൊടുക്കാന്‍ പേഴ്സ് എടുത്തു , 'ഇടി വെട്ടിയവനെ പാമ്പും കടിച്ചു', എല്ലാം കൂടി കൂട്ടിയിട്ടും എന്‍റെ കയ്യില്‍ നൂറ്റിതൊണൂര്‍ രൂപയെ ഒള്ളു . എന്ത് ചെയ്യും, എനിക്ക് തല കറങ്ങും പോലെ തോന്നി ..അബദ്ധം പറ്റിയത് പുറത്തു അറിയിച്ചില്ല " ചേട്ടാ നമ്മുക്ക് കുറച്ചൂടെ പോകണം " . എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് അയാള്‍ വീണ്ടും ആ ശകടം  സ്റ്റാര്‍ട്ട്‌ ചെയ്തു .ഓട്ടോ വീണ്ടും നീങ്ങി തുടങ്ങി . " ഇനി എത്ര ദൂരം പോകണം " . "ഒരു അഞ്ചു ആറു കിലോമീറ്റര്‍ കൂടി ". അയാള്‍ ഓട്ടോയുടെ സ്പീഡ് വീണ്ടും കൂട്ടി . 
                                                                                                                       അങ്ങനെ അവസാനം എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍  എത്തിയിരിക്കുന്നു  .ഈ  പ്രതിസന്ധിയില്‍   അവന്‍ സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് . " ഇപ്പോള്‍ എത്രായി" . "ഇരുനൂറ്റിതൊണൂര്‍" അയാള്‍ ചെറു ചിരിയോടെ പറഞ്ഞു . ഞാന്‍ സുഹൃത്തിന്‍റെ  വീട്ടിലേക്കു   ഇരച്ചു കയറി എന്ന്  പറയുന്നതാണ്  സത്യം .  വളരെ വേഗത്തില്‍ ഉള്ള വരവും വിഷാദ  ഭാവവും കൂടി കണ്ടപ്പോള്‍ അവന്‍  ചോദിച്ചു     " എന്തുവാട പ്രശ്നം " .  " എല്ലാം പറയാം , നീ ഒരു നൂറു രൂപ എടുക്കു " . അത് ഒരു യാചന ആയിരുനില്ല , ഒരു ആജ്ഞ തന്നെ ആയിരുന്നു. അന്ധം വിട്ടു പോയ അവന്‍ വേഗം പോയി നൂറു രൂപ എടുത്തു കൊണ്ട് വന്നു . അതും എന്‍റെ  കൈയ്യിലെ  കാശും കൊടുത്ത് ഓട്ടോ ചേട്ടനെ  യാത്ര  ആക്കാന്‍ ഒരുങ്ങി .  "ഇത് വരെ പേര് ചോദിച്ചില്ല, ചേട്ടന്‍റെ  പേര് എന്താ ?". "കൃഷ്ണന്‍ ", എന്നെ നോക്കി നന്നയി ഒന്ന് ചരിച്ചിട്ടു പുറത്തു ചെറുതായി ഒന്ന് തട്ടി അദ്ദേഹം ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി.  എന്‍റെ മനസ് കലങ്ങിയ കടലിനേക്കാള്‍ കലുഷിതം ആയിരുന്നു . കയ്യില്‍ ഒരു കൂടിനുള്ളില്‍ പൊട്ടിച്ച കവറില്‍ ഒരു 'ഗിഫ്റ്റ് '. എനിക്ക് പറ്റിയ അബദ്ധത്തിന്‍റെ നീറ്റല്‍. ഇനി തിരിച്ചു പോകണമെങ്കിലും ഇവര്‍ സഹായികണം എന്നുള്ള നിസഹായ അവസ്ഥ .  തിരിച്ചു പോകുന്ന ഓട്ടോടെ പുറകില്‍ ഞാന്‍ കണ്ടു , ഞാന്‍  ആസമയം റ്റവും അര്‍ഹിച്ച വചനം ,, ....ഇത് വരെ എനിക്ക് സാരഥി ആയിരുന്ന  കൃഷ്ണന്‍ചേട്ടന്‍റെ    'തേരിനു' പുറകിലും കൃഷ്ണ വചനം തന്നെ . ......!!!!!..............   " സംഭവിച്ചത് എല്ലാം നല്ലതിന് , ഇനി സംഭവിക്കാന്‍  ഇരിക്കുന്നതും    നല്ലതിന് "............!!!!!

കടപാട് ;  ഒരു സുഹൃത്തിനു സംഭവിച്ച അനുഭവം ,ആത്മകഥ രൂപേണ  അവതരിപിച്ചിരിക്കുന്നു   . കഥ ബീജം പാകിയ സുഹൃത്തിനു ഒരായിരം നന്ദി .